Friday, October 25, 2013

ശ്രീമദ്ഭഗവത്ഗീത

ഓം ശ്രീ ഗണേശായ നമഃ അവിഘ്നമസ്തു
ഓം ശ്രീ ഗുരുഭ്യോ നമഃ ഹരിഃ ഓം


ശ്രീമദ്-ഭഗവത്-ഗീത


ധൃതരാഷ്ട്ര ഉവാച -

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ |
മാമകാഃ പാണ്ഡവാശ്ചൈവ കിമകുർവത സഞ്ജയ || 1 ||







പദാർത്ഥം

സമവേതാ - ഒത്തുചേർന്നിട്ടുള്ള.
യുയുത്സവ - യുദ്ധം ചെയ്യാൻ ആഗ്രഹിച്ച്.
മാമകാഃ - എന്റെ ആളുകൾ (പുത്രന്മാർ).
കിം - എന്തു.
അകുർവത - ചെയ്തു.

പാണ്ഡവാശ്ചൈവ - പാണ്ഡവാ-ച-ഏവ.

 




സാരാംശം

ധൃതരാഷ്ട്ര മഹാരാജാവ് സഞ്ജയനോട് ചോദിച്ചു

അല്ലയോ സഞ്ജയാ - “ധർമ്മക്ഷേത്ര(പുണ്യസ്ഥലം) മായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ ഉത്സുകരായി സന്നിഹിതരായിട്ടുള്ള എന്റെ
പരിജനങ്ങളും, പാണ്ഡുവിന്റെ പുത്രന്മാരും എന്തു ചെയ്തു“.





കുരുക്ഷേത്രം - വൈദികകാലത്തിനുമപ്പുറം മുതല്ക്കേ ഒരു തീർത്ഥാടനഭൂമിയാണു കുരുക്ഷേത്രം എന്ന പ്രദേശം.

സ്വർഗ്ഗത്തിൽ അധിവസിക്കൂന്ന ദേവകൾ പോലും സന്ദർശിച്ച് ആരാധിക്കുന്ന ‘ധർമ്മക്ഷേത്ര’വും പുണ്യപാവനമായ കുരുക്ഷേത്രഭൂമിയിൽ സർവ്വേശ്വരനായ ശ്രീമഹവിഷ്ണുവിന്റെ 

അവതാരമായ ശ്രീകൃഷ്ണൻ നില്ക്കുന്നതു തന്റെ ശത്രുപക്ഷത്തുള്ള അർജ്ജുനനൊപ്പമായതു കൊണ്ടു തന്നെ, യുദ്ധത്തിൽ സ്വപുത്രന്മാരുടെ ഭാവിയിൽ ധൃതരാഷ്ട്ര മഹാരാജാവിനു അതീവ ആശങ്കയുണ്ടായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. യുദ്ധം നടക്കാൻ പൊകുന്ന കുരുക്ഷേത്ര ഭൂമിയുടെ ഈ സാത്വികത തന്റെ അധർമ്മികളായ പുത്രന്മാരെ പ്രതികൂലമായി ബാധിക്കുമെന്നു ധൃതരാഷ്ട്രർ ഭയന്നിരുന്നു.

ഈ സംശയവും അതിലുപരി ആശങ്കയും ഉള്ളതു കൊണ്ടാണ്‌ രാജാവ് സഞ്ജയനോട് ഈ ചൊദ്യം ചോദിക്കുന്നത്. രണ്ടു കൂട്ടരും പന്തു കളിക്കാനല്ല യുദ്ധഭൂമിയിലെത്തിയതെന്നു ധൃതരാഷ്ട്രർക്ക് അറിയാഞ്ഞിട്ടല്ലല്ലോ ഇത്.

വൈദികവും ചരിത്രപരമായ പ്രധാന്യം കൂടാതെ വേറൊരു വ്യഖ്യാനവും ‘കുരുക്ഷേത്രം’ എന്ന പദം കൊണ്ടു അർത്ഥമാക്കാം. ‘ക്ഷേത്രം’ എന്നാൽ ‘കൃഷിസ്ഥ്ലം’ അല്ലെങ്കിൽ ‘വയൽ’ എന്നൊരു അർത്ഥമായുമെടുക്കാം. 


(കുരുക്ഷേത്രമാകുന്ന വയലിൽ കർഷകനായുള്ള ശ്രീകൃഷ്ണഭഗവാൻ ദുര്യോധനാധികളായുള്ള ‘കള’കളെ പിഴുതുകളയുകയും യുധിഷ്ഠിരാധികളായ നല്ല വിളകളെ നടുകയും ചെയ്യുന്നു - അതായതു പാപികളുടെ ഉന്മൂലനാശം വരുത്തുകയും സജ്ജനങ്ങളെ പോഷിപ്പിക്കുകയും ചെയ്യുന്നു എന്നും സാരം.)

പാണ്ഡവന്മാർ ഒരു പക്ഷേ കുരുക്ഷേത്രത്തിന്റെ പുണ്യം കാരണം ചിലപ്പോൾ മനസ്സുമാറി, ഹിംസ വേണ്ടെന്ന് വിചാരിച്ചു, യുദ്ധം ഉപേക്ഷിചേക്കാം എന്നു പോലും ധൃതരാഷ്ട്രമഹാരാജാവ് വിചാരിട്ടുണ്ടാകാം.